വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള FAME II പദ്ധതിയ്ക്ക് ഗവണ്‍മെന്റിന്റെ അംഗീകാരം

0 309

വൈദ്യുത വാഹനങ്ങള്‍ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള FAME II പദ്ധതിയ്ക്ക് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ പദ്ധതി നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 10,000 കോടി രൂപ നിക്ഷേപിച്ച്‌ ഇന്ത്യയില്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഇതിന് അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും ഗവണ്‍മെന്റ് അറിയിച്ചു.


അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവ ഒരുക്കാനാണ് പദ്ധതിയിലൂടെ ഗവണ്‍മെന്റും ലക്ഷ്യമിടുന്നത്. 2015 ഏപ്രിലില്‍ അവതരിപ്പിച്ച FAME I (ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടമാണ് FAME II.
വൈദ്യത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് മുതല്‍ ഇവയ്ക്കുള്ള നികുതി ഇളവുകള്‍ വരെ പദ്ധതിയ്ക്ക് കീഴില്‍ വരും. പദ്ധതി കൊണ്ട് വിവിധ സംസ്ഥാന/നഗര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ ബസുകള്‍ വൈദ്യുതമാക്കി മാറ്റാനും  ലക്ഷ്യമിടുന്നു.

പ്രധാനമായും പൊതു ഗതാഗതവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് ഈ നികുതി ഇളവുകള്‍ ലഭ്യമാകും. ഇതിന് പുറമെ രാജ്യത്തെ വിവിധ നഗരങ്ങളിലായി 2,700 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍ തന്നെ നിര്‍മ്മിക്കും.

വിവിധ ഹൈവേകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പണികഴിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈവേകളില്‍ 25 കിലോമീറ്റര്‍ ദൂരം ഇടവിട്ടായിരിക്കും ഇവ നിര്‍മ്മിക്കുക. മാത്രമല്ല വൈദ്യുത വാഹനങ്ങളില്‍ ആധുനിക സാങ്കേതികയുടെ പരമാവധി ഉപയോഗം FAME II ഉറപ്പ് വരുത്തും. ഭാവി ഗതാഗത സംവിധാനത്തില്‍ മുഖ്യ ഘടകമായി മാറിയേക്കാവുന്ന വൈദ്യുത വാഹന രംഗം വിപുലീകരിക്കാന്‍ FAME II പദ്ധതിയ്ക്കാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave A Reply

Your email address will not be published.