പുത്തന്‍ മാരുതി ഇഗ്‌നിസ് എത്തുന്നു വില 4.79 ലക്ഷം രൂപ മുതല്‍

0 89

ഇഗ്‌നിസിന്റെ പുതുക്കിയ 2019 മോഡല്‍ വിപണിയില്‍ എത്തി. കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും റൂഫ് റെയിലുകളും ഒരുങ്ങുന്ന പുത്തന്‍ ഇഗ്നിസിന് 4.79 ലക്ഷം രൂപ മുതലാണ് വില. ഏറ്റവും ഉയര്‍ന്ന ഇഗ്നിസ് വകേഭദം 7.14 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ അണിനിരക്കും. ഹാച്ച്ബാക്കിന്റെ സീറ്റ്‌, ആല്‍ഫ വകഭേദങ്ങളിലാണ് റൂഫ് റെയിലുകള്‍ ഇടംപിടിക്കുന്നത്.

പുതിയ സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം മുതലായവ ഇഗ്നിസ് മോഡലുകള്‍ക്ക് മുഴുവന്‍ അടിസ്ഥാനമായി ലഭിക്കും. അതോടൊപ്പം ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഫോഴ്‌സ് ലിമിറ്ററിന് ഒപ്പമുള്ള സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ ആദ്യം മുതല്‍ക്കെ മോഡലിലുണ്ട്.

ഇവിടെ വേഗ മുന്നറിയിപ്പ് സംവിധാനത്തിന്റെ ദൗത്യം വേഗം കൂടുന്തോറും ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. 80 കിലോമീറ്റര്‍ വേഗം പിന്നിടുന്നപക്ഷം വേഗ മുന്നറിയിപ്പ് സംവിധാനം കാറിൽ പ്രവര്‍ത്തിക്കും. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മുന്നറിയിപ്പ് ചിഹ്നം തെളിയുന്നതിനൊപ്പം ഓരോ മിനിറ്റിലും അപായമണി കൂടി ഈ അവസരത്തില്‍ മുഴങ്ങും.

 

വേഗം മണിക്കൂറില്‍ 120 കടന്നാല്‍ ഓരോ രണ്ടു സെക്കന്‍ഡ് കൂടുമ്പോഴുമാണ് അപായമണി മുഴങ്ങുക. 120 കിലോമീറ്ററിന് മുകളില്‍ വേഗം കുറിക്കുന്നതില്‍ നിന്നും ഡ്രൈവറെ പിന്തിരിപ്പിക്കാന്‍ തുടരെയുള്ള അപായമണിക്ക് കഴിയുന്നതാണ്‌.

പുതിയ 2019 ഇഗ്നിസില്‍ നാലു വകഭേദങ്ങളാണ് ഉള്ളത്‌ – സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ. ഇതില്‍ ഡെല്‍റ്റ, സീറ്റ, ആല്‍ഫ മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സും (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) മാരുതി കാഴ്ച്ചവെക്കുന്നുണ്ട്. റൂഫ് റെയിലുകള്‍ ലഭിച്ചതൊഴിച്ചാല്‍ രൂപഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും ഹാച്ച്ബാക്ക് കുറിക്കുന്നില്ല.

പുതിയ ഇഗ്നിസില്‍ നെക്‌സ ബ്ലൂ, ഗ്ലിസ്റ്റനിങ് ഗ്രെയ്, സില്‍ക്കി സില്‍വര്‍, പേള്‍ ആര്‍ക്ടിക് വൈറ്റ്, ടിന്‍സെല്‍ ബ്ലൂ, അപ്ടൗണ്‍ റെഡ് എന്നീ ഒറ്റ നിറപ്പതിപ്പുകള്‍ തുടരുന്നു. ടിന്‍സെല്‍ ബ്ലൂ – പേള്‍ ആര്‍ക്ടിക് വൈറ്റ്, ടിന്‍സെല്‍ ബ്ലൂ – മിഡ്‌നൈറ്റ് ബ്ലാക്ക്, അപ്ടൗണ്‍ റെഡ് – മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ ഇരട്ട നിറപ്പതിപ്പുകളും പുത്തന്‍ ഇഗ്നിസില്‍ തിരഞ്ഞെടുക്കാം.

 

ഇത്തവണ ക്യാബിനും പുതുക്കാന്‍ കമ്പനി തയ്യാറായില്ലെന്നത് ശ്രദ്ധേയം. പ്രതീക്ഷിച്ചതുപോലെ കമ്പനിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം 2019 ഇഗ്നിസിന് ലഭിക്കുന്നില്ല. എഞ്ചിനിലും പരിഷ്‌കാരങ്ങള്‍ സംഭവിച്ചിട്ടില്ല. മാരുതി പരീക്ഷിച്ചു തെളിഞ്ഞ 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിനാണ് 2019 ഇഗ്നിസിന്റെ ഹൃദയം.

വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലെനോ കാറുകളിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. 1,197 സിസി നാലു സിലിണ്ടര്‍ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ഒരുങ്ങുന്നുണ്ട്.

Leave A Reply

Your email address will not be published.