വിവോയുടെ ഏറ്റവും പുതിയ മോഡലായ വൈ91i ഇന്ത്യന്‍ വിപണിയിലത്തുന്നു വില 7,990 രൂപ

0 128

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് തങ്ങളുടെ ആരാധകര്‍ക്കായി വിവോ കിടിലന്‍ സ്മാര്‍ട്ട്ഫോണായ വി15 പ്രോയെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ കമ്പനി ഇപ്പോഴിതാ പുതിയൊരു മോഡലിനെക്കൂടി ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ്. വിവോ വൈ91 i എന്നാണ് പുതിയ മോഡലിന്റെ പേര്. എന്‍ട്രി ലെവല്‍ ശ്രേണിയിലായിരിക്കും പുത്തന്‍ മോഡലിന്റെ വരവ്.

ഏറെ താമസിയാതെ തന്നെ വിവോയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണറിയുന്നത്. അതേസമയം, ഫോണ്‍ മാര്‍ച്ച് ആദ്യം വിപണിയിലെത്തുമെന്ന് ചില ദേശീയ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 7,990 രൂപയാകും വില. ഫോണിന്റെ സവിശേഷതകളും മറ്റും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഫിലിപൈന്‍സ് വിപണിയില്‍ നിലവിലുള്ള മോഡലാണ് വിവോ വൈ91 i. വൈ91 ന്റെ താഴ്ന്ന വേര്‍ഷനായാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. ഇന്ത്യന്‍ വിപണിയില്‍ 7,990 രൂപയ്ക്കു ഈ മോഡല്‍ പുറത്തിറക്കിയാല്‍ നിലവില്‍ ലഭ്യമായതില്‍ ഏറ്റവും വിലക്കുറവുള്ള സ്മാര്‍ട്ടുഫോണുകളിലൊന്നായി മാറും വിവോ വൈ91 i.

6.22 ഇഞ്ച് എച്ച്.ഡി റെസലൂഷനോടു കൂടിയ എല്‍.സി.ഡി ഐപി.എസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. വാട്ടര്‍ നോച്ച് ഡിസ്പ്ലേയും ബേസില്‍-ലെസ് ഡിസൈനും ഫോണിന് പ്രത്യേക രൂപഭംഗി നല്‍കുന്നു. ഈ സവിശേഷതകള്‍ക്കിടയിലും സുരക്ഷാ ലെയര്‍ ഫോണിലില്ല എന്നത് പോരായ്മയാണ്. അതേസമയം, സ്നാപ്ഡ്രാഗണ്‍ 439 പ്രോസസ്സറും ഒപ്പം 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തു പകരുന്നു.

ഫോണിന്റെ പ്രവര്‍ത്തനം ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ്. കൂട്ടിന് വിവോയുടെ സ്വന്തം ഫണ്‍ടച്ച് ഓ.എസുമുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 13+2 മെഗാപിക്സലിന്റെ ഇരട്ട പിന്‍ ക്യാമറയും 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്. 4,030 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി.

Leave A Reply

Your email address will not be published.