മാരുതിയുടെ ‘വാഗന്‍ ആര്‍ ഇ വി’ അടുത്ത വര്‍ഷമെത്തിയേക്കും ; ഒറ്റചാര്‍ജില്‍ 200 കി.മീ സഞ്ചരിക്കുന്ന വാഹനം വിലയിലും ജനപ്രിയമായേക്കും

0 144

വാഗണ്‍ആര്‍ ഇലക്ട്രിക്കാണ് തങ്ങളുടെ ആദ്യ വൈദ്യുത കാറെന്ന് മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരും. വിലയില്‍ പതിവ് മാരുതി മാജിക്ക് പ്രതീക്ഷിക്കാം. കാറിന് ഏഴുലക്ഷം രൂപ മുതലായിരിക്കും വിലയെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്) പദ്ധതി വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ വില കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. FAME പദ്ധതി പ്രകാരം 1.24 ലക്ഷം മുതല്‍ 1.38 ലക്ഷം രൂപ വരെയാകും ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കുക.

നിലവില്‍ FAME പദ്ധതിയുടെ രണ്ടാംഘട്ടം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ടാംഘട്ട FAME പദ്ധതി നടപ്പില്‍ വന്നാല്‍ വൈദ്യുത മോഡലിന്റെ വിലയില്‍ 25 ശതമാനത്തോളം സബ്‌സിഡി ഒരുങ്ങും. ഒപ്പം വൈദ്യുത വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇളവ് ചെയ്യാനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്.

റിപ്പോര്‍ട്ട് ശരിയെങ്കില്‍, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വൈദ്യുത കാറെന്ന വിശേഷണം വരവില്‍ മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് കരസ്ഥമാക്കും. കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന ‘മൂവ്’ ഉച്ചകോടിയിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി പൊതുസമക്ഷം അവതരിപ്പിച്ചത്.

ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വില്‍പനയ്ക്കെത്തുന്ന വാഗണ്‍ആറിന്റെ മാതൃകയിലാണ് ഹാച്ച്ബാക്കിന്റെ ഒരുക്കം. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 10-25 kWh വരെ ബാറ്ററി ശേഷിയുള്ള വാഗണ്‍ആര്‍ ഇലക്ട്രിക്കില്‍, 72 വോള്‍ട്ട് സംവിധാനമായിരിക്കും ഇടംപിടിക്കുക. ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ ദൂരമോടാന്‍ ഹാച്ച്ബാക്കിന് കഴിയും.

നാല്‍പ്പതു മിനിറ്റ് കൊണ്ട് 75 മുതല്‍ 80 ശതമാനം വരെ ചാര്‍ജ്ജ് നേടാന്‍ ബാറ്ററി സംവിധാനത്തിന് ശേഷിയുണ്ടെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. പുത്തന്‍ വാഗണ്‍ആര്‍ ഒരുങ്ങുന്ന HEARTECT അടിത്തറതന്നെ വാഗണ്‍ആര്‍ ഇലക്ട്രിക്കും പങ്കിടും. നിലവില്‍ മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യയില്‍ തുടരുകയാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഗുരുഗ്രാം ശാലയില്‍ നിന്ന് വാഗണ്‍ആര്‍ ഇലക്ട്രിക്ക് യൂണിറ്റുകള്‍ വിപണിയിലെത്തും. വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ ഓരോ ഘട്ടത്തിലും ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.