Technews, Reviews , much more

പുതിയ യമഹ MT-09 വിപണിയില്‍

0 42

നവീകരിച്ച 2019 MT-09 ബൈക്കുമായി യമഹ വിപണിയില്‍. പുതിയ നിറപ്പതിപ്പും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റ് മാത്രമെ പുതിയ MT-09 മോഡലിനുള്ളൂ. മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ബൈക്കിന് വില കൂടി. 10.55 ലക്ഷം രൂപയ്ക്കാണ് പുതിയ MT-09 ഷോറൂമുകളിലെത്തുക. അതായത് മുന്‍മോഡലിനെ അപേക്ഷിച്ച് 16,000 രൂപ കൂടുതല്‍. രാജ്യത്തെ മുഴുവന്‍ യമഹ ഡീലര്‍ഷിപ്പുകളും 2019 MT-09 ബുക്കിംഗ് ആരംഭിച്ചു.

മെക്കാനിക്കല്‍ ഘടകങ്ങളില്‍ പരിഷ്‌കാരങ്ങള്‍ സംഭവിച്ചില്ലെങ്കിലും പുത്തന്‍ നൈറ്റ് ഫ്‌ളുവോ നിറപ്പതിപ്പ് ബൈക്കിന്റെ മാറ്റു വര്‍ധിപ്പിക്കും. യമഹ ബ്ലൂ, ബ്ലാക്ക് നിറപ്പതിപ്പുകളും MT-09 മോഡലില്‍ അണിനിരക്കുന്നുണ്ട്. അക്രമണോത്സുകമായ മുഖഭാവമാണ് MT-09 ബൈക്കിന് കമ്പനി വിഭാവനം ചെയ്യുന്നത്.

ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടന ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. ഇന്ധനടാങ്കിന് ഇരുവശത്തുമുള്ള വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ രൂപകല്‍പ്പനയില്‍ പ്രത്യേകം പരാമര്‍ശിക്കണം. ഒറ്റ സീറ്റ് ഘടനയാണ് ബൈക്കിന് ലഭിക്കുന്നത്. MT-09 -ല്‍ തുടിക്കുന്ന 847 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിന് 115 bhp കരുത്തും 87 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിനിലുണ്ട്. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിറകില്‍ ലിങ്ക് ടൈപ്പ് സ്വിംഗ്ആം യൂണിറ്റും സസ്‌പെന്‍ഷന്‍ നിറവേറ്റും. 298 mm വലുപ്പമുള്ള ഇരട്ട ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗിനായി. പിന്‍ ടയറില്‍ 245 mm ഡിസ്‌ക്ക് വേഗം നിയന്ത്രിക്കും.

120/70, 180/55 അളവ് കുറിക്കുന്ന മുന്‍ പിന്‍ ടയറുകളില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ഒരുങ്ങുന്നത്. സീറ്റ് ഉയരം 820 mm. ഭാരം 193 കിലോ. 135 mm കുറിക്കും ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ലിറ്ററാണ് പരമാവധി ഇന്ധനടാങ്ക് ശേഷി. ക്വിക്ക് ഷിഫ്റ്റര്‍, A&S ക്ലച്ച്, മൂന്നു റൈഡിംഗ് മോഡുകള്‍, ക്രമീകരിക്കാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ് സംവിധാനങ്ങള്‍ ബൈക്കിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും.

പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് MT-09 ബൈക്കിനെ യമഹ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. വിപണിയില്‍ കവാസാക്കി Z900, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 എന്നിവരുമായി യമഹ MT-09 മത്സരിക്കുന്നു.

Leave A Reply

Your email address will not be published.