പൈതൃക തീവണ്ടി ഓടിക്കാനൊരുങ്ങി എറണാകുളം സൗത്ത് സ്റ്റേഷന്‍ :ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എൻജിനിൽ യാത്രക്കായി ഒരുങ്ങി കൊച്ചി

0 44

പൈതൃക തീവണ്ടിയായ ഇഐആര്‍ 21 എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ നിന്നു ഹാര്‍ബര്‍ ടെര്‍മിനസിലേക്കു പ്രത്യേക സര്‍വീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21. 163 വര്‍ഷം പഴക്കമുളള എന്‍ജിന്‍ ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു പ്രവര്‍ത്തന സജ്ജമാക്കിയത്.

കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയില്‍ നടത്തിയ സര്‍വീസിന് ഈടാക്കിയത്. 8 കിലോമീറ്റര്‍ ദൂരം മാത്രമുളള ഹാര്‍ബര്‍ ടെര്‍മിനസിലേക്കു ഈ നിരക്കില്‍ യാത്രക്കാരെ കിട്ടുമോയെന്നു കണ്ടറിയണം. നിരക്ക് കുറയ്ക്കണമെന്നാണു ട്രെയിന്‍ ആരാധകരുടെ ആവശ്യം.

കൊച്ചിയില്‍ 2 സര്‍വീസുകള്‍ നടത്തുമെന്നാണു സൂചന. വല്ലാര്‍പാടത്തേക്ക് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്രാ ട്രെയിനുകള്‍ക്കു പാലത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പൈതൃക സ്റ്റേഷനായ ഹാര്‍ബര്‍ ടെര്‍മിനസിലേക്കു സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.രാവിലെ 11ന് എറണാകുളം സൗത്തിൽ നിന്നു ഹാർബർ ടെർമിനസ് വരെയും തിരിച്ചുമാണു സർവീസ്. വെണ്ടുരുത്തി പാലത്തിലൂടെ മനോഹരമായ യാത്രയാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. തിരക്കുണ്ടെങ്കിൽ കൂടുതൽ ട്രിപ്പുകളോടിക്കുന്നത് പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു .

വാരാന്ത്യ സര്‍വീസായിരിക്കും നടത്തുക. 1855ല്‍ ഇംഗ്ലണ്ടിലെ കിറ്റ്‌സണ്‍ തോംസണ്‍ ആന്‍ഡ് ഹെവിറ്റ്‌സണ്‍ എന്ന കമ്പനി നിര്‍മിച്ച ആവി എഞ്ചിന്‍, കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്.55 വര്‍ഷത്തോളം സര്‍വീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം വിവിധ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മഴയും വെയിലുമേറ്റു കേടായ എഞ്ചിന്‍ പിന്നീടു ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സിലെ ജീവനക്കാര്‍ ഏറ്റെടുത്തു നന്നാക്കുകയായിരുന്നു.

Leave A Reply

Your email address will not be published.