Technews, Reviews , much more

രണ്ടുമാസം ‘വീട്ടിലിരുന്ന് ജോലി’ ചെയ്ത് ഇരുപത്തിയാറുകാരൻ നേടിയത് 36 ലക്ഷം

0 327

ഇത്തരം അവകാശവാദങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പുതുമയല്ല. അവയ്ക്ക് പിന്നിലെ തട്ടിപ്പ് അറിയാവുന്നതിനാല്‍ അധികമാളുകളും ഇവ അവഗണിക്കുകയാണ് പതിവ്. പക്ഷെ ഇത് അങ്ങനെയൊന്നല്ല. ഡല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മിലിന്ദ് ഗുപ്ത ഇരുപത്തിയാറ് വയസ്സിനിടെ രചിച്ച വിജയഗാഥയാണ്.

വൈറല്‍ മാര്‍ക്കറ്റിംഗിലൂടെയാണ് മിലിന്ദ് ഈ അപൂര്‍വ്വ വിജയം സ്വന്തമാക്കിയത്. പത്താമത്തെ വയസ്സില്‍ 13 രൂപയ്ക്ക് കൂട്ടുകാരന് കടങ്കഥകളും തമാശക്കഥകളും വിറ്റുകൊണ്ടായിരുന്നു മിലിന്ദിന്റെ തുടക്കം. ഓര്‍ക്കൂട്ടിന്റെ കാലത്ത് Fiverr എന്ന വെബ്‌സൈറ്റിനെ കുറിച്ച് മിലിന്ദ് മനസ്സിലാക്കി. എന്ത് സേവനവും പണത്തിന് വില്‍ക്കാമെന്നതായിരുന്നു Fiverr-ന്റെ പ്രത്യേകത. ബീച്ചിലെ മണല്‍പ്പരപ്പില്‍ ആളുകളുടെ പേരെഴുതി. അതില്‍ തിരമാലകള്‍ തഴുകുന്ന ഫോട്ടോകള്‍ എടുത്തുനല്‍കാന്‍ മിലിന്ദ് തീരുമാനിച്ചു. ഇതിനുവേണ്ടി ബീച്ചുകളില്‍ അലയാനൊന്നും കക്ഷി തയ്യാറായിരുന്നില്ല. ഒരു ഫോട്ടോഗ്രാഫറുടെ സഹായത്തോടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്തു നല്‍കുകയായിരുന്നു. താമസിയാതെ ഓര്‍ഡറുകള്‍ കുന്നുകൂടാന്‍ തുടങ്ങി.

‘സത്യസന്ധമായല്ല ഞാന്‍ അത് ചെയ്തത്. പക്ഷെ എല്ലാം ഒരു പരീക്ഷണമാണല്ലോ? പൈസ കിട്ടുമെന്ന് ഉറപ്പാക്കാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ലല്ലോ?’ Fiverr പരീക്ഷണത്തെ കുറിച്ച് മിലിന്ദ് പറയുന്നു. തുടര്‍ന്ന് സര്‍വ്വേ ഫോം പൂരിപ്പിക്കുന്നത് അടക്കമുള്ള ജോലികള്‍ക്ക് പണം നല്‍കുന്ന ഒരു വെബ്‌സൈറ്റില്‍ (Cost per action-CPA) മിലിന്ദ് എത്തി. പരസ്യം ചെയ്യുന്നവര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ചെറിയ കമ്മീഷനാണ് ഈരീതിയില്‍ ലഭിക്കുന്നത്. രണ്ട് മാസം കൊണ്ട് മിലിന്ദ് 50800.03 ഡോളര്‍ വരുമാനമുണ്ടാക്കി. അതായത് ഏകദേശം 36 ലക്ഷം രൂപ! വെബ്‌സൈറ്റിന്റെ മേധാവി പീറ്റര്‍ ടാര്‍ മിലിന്ദിനെ ബിസിനസ്സ് ഡവലപ്‌മെന്റ് ഹെഡ് ആയി നിയമിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം ടാറിനൊപ്പം മിലിന്ദും ഈ ജോലിയോട് വിടപറഞ്ഞു.

ആറുമാസക്കാലം മാര്‍ക്കറ്റിംഗിന്റെയും പരസ്യത്തിന്റെയും നൂലാമാലകളെ കുറിച്ച് പഠിച്ച ശേഷം മിലിന്ദ് ഡ്രോപ് ഷോപ്പിംഗ് രംഗത്തേക്കിറങ്ങി. ഇവിടെ നിങ്ങള്‍ക്കൊരു ഇടനിലക്കാരന്റെ വേഷമാണ്. കമ്പനിയുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുക. ആരെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനിക്ക് കൈമാറുക. കമ്മീഷന്‍ ലഭിക്കും. പുരാതനരീതിയില്‍ അലങ്കരിച്ച പ്ലേറ്റുകള്‍ 23 ഡോളറിന് ഷോപ്പിഫൈയില്‍ വിറ്റ് വലിയ ലാഭമുണ്ടാക്കാന്‍ മിലിന്ദിന് സാധിച്ചു. അലിഎക്‌സ്പ്രസില്‍ ആറ് ഡോളറിന് കിട്ടുന്ന പ്ലേറ്റാണ് മിലിന്ദ് 23 ഡോളറിന് വിറ്റഴിച്ചത്. എല്ലാചെലവും കഴിഞ്ഞ് 10000 ഡോളര്‍ പോക്കറ്റില്‍!

ഇപ്പോള്‍ മിലിന്ദും ടാറും ചേര്‍ന്ന് സ്വന്തമായി ഡ്രോപ് ഷോപ്പിംഗ് ബിസിനസ്സ് നടത്തുകയാണ്. കമ്പനിക്ക് അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ വെയര്‍ഹൗസുകളുണ്ട്. മിലിന്ദ് ഇത്രയൊക്കെ നേടിയത് വെറുമൊരു ബികോം ബിരുദം കൊണ്ടാണ്. ‘ക്ഷണയോടെ കാത്തിരിക്കുകയും ചെറിയ പാഠങ്ങള്‍ പോലും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ വിജയം നേടാന്‍ കഴിയും. അതിന് മറ്റ് കുറുക്കുവഴികളൊന്നുമില്ല.’ മിലിന്ദ് വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.