Technews, Reviews , much more

മലയാളികളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തെങ്ങ് ഒഎസ്

0 690

മലയാളത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദമായ ഇന്റർഫേസ്‌ ഒരുക്കി മലയാളികളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തെങ്ങ് ഒഎസ്. ഉബുണ്ടു 18.10 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തെങ്ങ് ഒഎസ് മലയാളം കമ്പ്യൂട്ടിങ് എന്ന ലക്‌ഷ്യം വച്ചാണ് നിർമിച്ചിരിക്കുന്നത്. ഗ്നോം V3.30 , ലിനക്സ് kernal v4.17 കരുത്ത് പകരുന്ന തെങ്ങ് ഒഎസ് പഴയ കമ്പ്യൂട്ടറുകളിൽ വരെ വളരെ മികച്ച പെർഫോമൻസ് നൽകുന്നതായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രചാരകരായ നിർമാതാക്കൾ പറയുന്നു. www.keralinux.com എന്ന വെബ്സൈറ്റിൽ തെങ്ങ്‌ ഒഎസ്‌ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

വിദ്യാർത്ഥികൾ, പ്രൊഫഷണൽസ്, തുടങ്ങിയവരുടെ കൂട്ടായ്മയാണ് തെങ്ങ്‌ ഒഎസിനു പിന്നിൽ. ഭാവിയിൽ മലയാള ഭാഷയിൽ സ്ഥിരതയാർന്ന ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റം രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന കൂട്ടായ്‌മയുടെ ആദ്യപടിയാണ്‌ തെങ്ങ്‌ ഒഎസ്‌. തെങ്ങ്‌ ഒഎസിന്റെ സമ്പർക്കമുഖവും ഇൻസ്റ്റാൾ ചെയ്യുന്നതുമെല്ലാം മലയാളത്തിലായതിനാൽ ഇംഗ്ലീഷോ മറ്റു ഭാഷകളോ അറിയാത്തവർക്കും ഇതിലൂടെ കമ്പ്യൂട്ടർ ഉപയോഗം സാധ്യമാകും.

സ്വതന്ത്രസോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെങ്ങ് ഒഎസ്‌, ഓഫീസ്, വിദ്യാലയങ്ങൾ, സ്വകാര്യ കമ്പ്യൂട്ടറുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. മറ്റു ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളെ അപേക്ഷിച്ച് കൂടുതൽ ഊർജ്ജക്ഷമത ഉറപ്പാക്കുന്നതിനൊപ്പം ഡിഫോൾട്ടായി തന്നെ നിരവധി ഉപയോഗപ്രദമായ സോഫ്റ്റ്‌വെയറുകളും ഉൾപ്പെടുത്തിയിട്ടുള്ളതായി തെങ്ങ്‌ ഒഎസിന്റെ പിന്നണിയിൽ പ്രവർത്തിച്ച രഞ്ജിത്ത്‌ പറഞ്ഞു.
സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രധാന സവിശേഷത അത് ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും സംരക്ഷിക്കുന്നു എന്നതാണ്. ആര്‍ക്കും ഉപയോഗിക്കാനും, കൈമാറ്റം ചെയ്യാനും, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനും, അതില്‍ മാറ്റം വരുത്തി വിതരണം ചെയ്യാനുമുള്ള അവകാശം ഉപഭോക്താവിന്‌ നൽകുന്ന സോഫ്റ്റ്‍വെയറുകളാണിവ. ഇതിലെ അവസാനത്തെ സ്വാതന്ത്യമാണ് തെങ്ങ്‌ ഒഎസ് ഉപയോഗപ്പെടുത്തിയത്. ഉബുണ്ടുവിന്റെ കേരളത്തിന് വേണ്ട മാറ്റങ്ങളോടെ നവീകരിച്ച പതിപ്പാണ്‌ തെങ്ങ്‌ ഒഎസ്‌. ഇതിനെ തുടർന്നും പരിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യവും തെങ്ങ്‌ ഒഎസ്‌ ഉപയോക്താക്കൾക്ക്‌ നൽകുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കുമനുസരിച്ച്‌ തെങ്ങ്‌ ഒഎസിന്റെ പുതിയ പതിപ്പുകള്‍ പരിഷ്കരിക്കും.
ഫയര്‍ഫോക്സ്, ലിബ്രേഓഫീസ്, വിഎല്‍സി മീഡിയ പ്ലെയര്‍, ഗ്നോം കാലാവസ്ഥ, ഗ്നോം ഭൂപടം തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പല തരം സോഫ്റ്റ്‍വെയറുകളെല്ലാം അടങ്ങിയിരിക്കുന്നതിന് പുറമേ ആയിരക്കണക്കിന് മറ്റനേകം സോഫ്റ്റവെയറുകള്‍ അനായാസം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവും തെങ്ങോയസിലുണ്ട്. മലയാളം ഫോണ്ടുകള്‍, മലയാളം നിഘണ്ടു, മലയാളം ടൈപ്പിംഗ് സംവിധാനങ്ങള്‍ തുടങ്ങിവ തെങ്ങോയസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മലയാളം അനായാസം വായിക്കാനും എഴുതാനുമുള്ള സൗകര്യം ഇതിലുണ്ട്.
തെങ്ങോയസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‍വെയറുകള്‍
ഗ്നോം പണിയിടം – 3.30
ഫയര്‍ഫോക്സ് – 63
ലിബ്രേ ഓഫീസ് – 6.1.2.1
വി.എല്‍.സി മീഡിയ പ്ലെയര്‍ – 3.04
ഗ്നോം ഭൂപടം – 3.30.1

Leave A Reply

Your email address will not be published.