Technews, Reviews , much more

പ്രളയ അതിജീവന മാർഗമായി ബോധിഷിന്റെ വെബ്‌സൈറ്റ്

0 76

കേരളത്തിലുണ്ടായ മഹാപ്രളയസമയത്ത് നാലു മണിക്കൂർകൊണ്ട് 22 കാരനായ ബോധിഷ് കരിങ്ങാട്ടിൽ രൂപപ്പെടുത്തിയ വെബ്സൈറ്റാണ് www.afterflood.in. താമസിക്കുന്ന കോട്ടയത്തും പന്തളത്തുമായി പ്രളയത്തെ അതിജീവിക്കേണ്ടിവന്ന എൻജിനിയറിങ് ബിരുദധാരിയും ബെംഗളൂരിലെ ഡ‍ിജിറ്റൽ ലേണിങ് സ്റ്റാർട്ട് അപ്പ് ആയ SV.CO യിലെ ഡവലപ്പറുമായ പന്തളം സ്വദേശി ബോധിഷ് കരിങ്ങാട്ടിൽ പ്രളയാനന്തരം ശ്രദ്ധിക്കേണ്ട പ്രശ്നങ്ങളുടെ സമഗ്ര മാർഗ നിർദേശങ്ങളാണ് വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആരോഗ്യം, മാലിന്യ നിർമാർജനം, സുരക്ഷ എന്നിവ എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നു  ഇതിൽ വിശദീകരിക്കുന്നു. സാധാരണക്കാർക്ക് ഞൊടിയിടയിൽ‌ സ്മാർട് ഫോണിലൂടെയും ഇവ ലഭ്യമാകും.

ശുചീകരണത്തെക്കുറിച്ച് ഗൂഗിളിൽ വൈവിധ്യ വിഭവങ്ങൾ ലഭ്യമാണെങ്കിലും അവ കേരള പശ്ചാത്തലത്തിൽ അപ്രായോഗികമാണ്. എന്നാൽ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിന് അനുസൃതമായി വിഭവങ്ങളെ പരിഷ്കരിച്ച് ശാസ്ത്രീയമായി അവതരിപ്പിച്ചാൽ സാധാരണക്കാർക്കും പ്രയോജനപ്പെടുമെന്ന ചിന്തയാണ് വെബ്സൈറ്റ് പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കിയതെന്ന് ബോധിഷ് പറഞ്ഞു.

ഇംഗ്ലിഷിൽ അവതരിപ്പിച്ച ഈ വെബ്സൈറ്റ് ഏതാനും മണിക്കൂറിനുള്ളിൽ ജനശ്രദ്ധ ആകർഷിച്ചപ്പോൾ സ്നേഹിതരുടെ സഹായത്തോടെ ഇവ മലയാളത്തിലും കന്നടയിലും ലഭ്യമാക്കി. കർണാടകയിലെ കൊടകിൽ ഇതേസമയത്ത് പ്രളയമുണ്ടായതിനാൽ കന്നടയിലും ഇത് ആവശ്യമായി വന്നു. ഈ വെബ്സൈറ്റിൽ ലോകത്ത് എവിടെനിന്നും ആർക്കും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുവാൻ കഴിയും. എന്നാൽ അവയുടെ സാധ്യത പരിശോധിച്ച് വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. പ്രളയാനന്തരം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന വിവിധ സംശയങ്ങൾക്ക് ഉടൻ തന്നെ മറുപടി നൽകുന്ന ചാറ്റ് ബോട്ട് (Chat Boat) സംവിധാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള മാർഗ നിർദേശങ്ങൾ പിഡിഎഫ് പുസ്തകരൂപത്തിൽ ഇംഗ്ലിഷിലും മലയാളത്തിലും ചേർത്തിട്ടുണ്ട്. കേരളത്തിന്റെ പുനർനിർമിതിക്കുള്ള ജനകീയവും ശാസ്ത്രീയവും സാങ്കേതികവുമായ പൊതുവേദിയാണിത്.

പ്രളയം ദുരിതത്തിൽ നിന്നും പൊതുജനത്തെ അതിവേഗം അതിജീവിപ്പിക്കുന്നതിനുള്ള പ്രളയാനന്തര മാർഗ  നിർദേശങ്ങളാണിതിൽ   സമഗ്രമായുള്ളത്. പ്രളയാനന്തരം ഭവനത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട മുഴുവൻ വിവരങ്ങളുമുണ്ട് .അതിനാൽ ഈ വെബ്സൈറ്റ് കേരള സർക്കാരിന്റെ കേരളാ റെസ്‌ക്യൂവിൽ  ലിങ്ക് ചെയ്തു. ഒരു ലക്ഷത്തിലധികം പേര്‌ പ്രളയകാലത്ത് വെബ്സൈറ്റ് സന്ദർശിച്ചു. പ്രളയാനന്തര കേരള നിർമിതിക്കുള്ള ജനകീയ പ്രായോഗിക രൂപരേഖകളാണിതിൽ ഉൾക്കൊള്ളുന്നത്.

Leave A Reply

Your email address will not be published.