‘സാഗര’: മത്സ്യത്തൊഴിലാളികള്‍ക്കായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി
മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.
‘സാഗര’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാന്‍ സാധിക്കും.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ആണ് മൊബൈല്‍ ആപ്ലിക്കേഷന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നതിനു മുമ്പ് ബോട്ട് ഉടമയോ ഉടമ ഏര്‍പ്പാടാക്കിയ വ്യക്തിയൊ ആപ്പ് ഉപയോഗിച്ച് തൊഴിലാളികളുടെ വിവരം രേഖപ്പെടുത്തുന്നു. തുടര്‍ന്ന് തിരികെയെത്തിയാൽ ആപ്പില്‍ രേഖപ്പെടുത്തും. വിവരം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കടലില്‍ എത്ര തൊഴിലാളികള്‍ തൊഴിലെടുക്കുന്നുണ്ട് എന്ന് കൃത്യമായി അറിയാനാകും. മാത്രമല്ല സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള മുന്നറിയിപ്പുകളും ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.
പുതിയ ആപ്ലിക്കേഷനിലൂടെയുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായാല്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ പൂര്‍ണമായും നിയന്ത്രിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഫിഷറീസ് വകുപ്പ്.’സാഗര’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.