യാത്രക്കാർക്കായി പുതിയൊരു ആപ്പ് ‘സവാരി’

0 644

ദിവസവും വലുതും ചെറുതുമായ യാത്രകള്‍ നടത്തുന്നവരാണ് നമ്മള്‍. ജോലി സംബന്ധമായും നിത്യജീവിതത്തിന്റെ ഭാഗമായും വിനോദത്തിനായുമൊക്കെ എല്ലാവരും യാത്രകള്‍ നടത്തുന്നു. സ്വന്തം വാഹനത്തില്‍ ഇത്തരം യാത്രകള്‍ നടത്തുമ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കാന്‍ പല പ്രായോഗിക ബുദ്ധിമുട്ടുമുണ്ടാകാറുണ്ട്. വാഹനത്തിന്റെ മൈലേജ്, ഇന്ധനത്തിനായി ചെലവാക്കിയ തുക, സഞ്ചരിച്ച ദൂരം, മെയിന്റനന്‍സ് വിവരങ്ങള്‍ തുടങ്ങി തിരക്കുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്ത വണ്ടി എവിടെയെന്ന് കണ്ടെത്തുന്നതില്‍ വരെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍.

വാഹനസംബന്ധിയായ ഇത്തരം കാര്യങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തിവെക്കാനും അവ കൃത്യമായി ലിസ്റ്റ് ചെയ്ത് ലഭിക്കാനും ഒരു ആപ്പ് .അതും മലയാളത്തില്‍! ഈ ചിന്തയില്‍ നിന്നാണ് ‘സവാരി’ എന്ന മലയാളി ആപ്പ് പിറക്കുന്നത്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍.ബി.രഘുനാഥും സംഘവുമാണ് ഈ ആപ്പിനു പിന്നില്‍.

ദിവസവും വാഹനമുപയോഗിക്കുന്നവര്‍ക്കും ദൂരയാത്ര പോകുന്നവര്‍ക്കുമൊക്കെ ഒരുപോലെ ഉപകാരപ്പെടുന്ന ആപ്പാണ് ഇതെന്ന് രഘുനാഥ് പറയുന്നു. കാര്‍, ബൈക്ക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

GPS ട്രാക്കിങ്ങിനെപ്പറ്റി കൂടുതൽ അറിയാം

ഇന്ധനത്തിന് വന്ന ചിലവും വാഹനം ഓടിയ ദൂരവും രേഖപ്പെടുത്തി വെക്കാനുള്ള സംവിധാനം, സര്‍വീസ്‌മെയിന്റനന്‍സ് വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനം, വാഹനം എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് കണ്ടെത്താനുള്ള സംവിധാനം തുടങ്ങിയവയാണ് സവാരി ആപ്പ് നല്‍കുന്ന സൗകര്യങ്ങള്‍. രേഖപ്പെടുത്തിയ വിവരങ്ങളില്‍ നിന്നും ഒരു ദിവസമോ മാസമോ ചെലവാക്കിയ തുകയോ അടിച്ച ഇന്ധനത്തിന്റെ അളവോ ഒക്കെ ലഭിക്കുകയും ചെയ്യും.

മലയാളത്തിൽ തയാറാക്കിയിരിക്കുന്ന ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കോളിലൂടെയും ചാറ്റിലൂടെയും 24 മണിക്കൂര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടും ആപ്പ് നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.

Leave A Reply

Your email address will not be published.